ആര്യങ്കാവ്: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്ന മധുര–ഗുരുവായൂർ എക്സ്പ്രസിന് കേരള അതിർത്തി സ്റ്റേഷനായ ആര്യങ്കാവിൽ ആവേശകരമായ സ്വീകരണം. വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നതിന് നിരന്തരം ഇടപെടൽ നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ യാത്രക്കാരും നാട്ടുകാരും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും അനുമോദിച്ചു.
കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്ന തീവണ്ടിയെ വരവേൽക്കാൻ ആര്യങ്കാവ് മുതൽ പുനലൂർ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ വൻ ജനാവലിയാണ് എത്തിയത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വിസ്റ്റാഡോം കോച്ചോടുകൂടിയ തീവണ്ടിക്ക് ആര്യങ്കാവ്, ന്യൂ ആര്യങ്കാവ്, കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കൽ, ഇടമൺ, പുനലൂർ സ്റ്റേഷനുകളിൽ യാത്രക്കാരും നാട്ടുകാരും ചേർന്ന് വരവേൽപ്പ് നൽകി.
ആര്യങ്കാവിൽനിന്ന് വിസ്റ്റാഡോം കോച്ചിൽ യാത്ര ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പുനലൂർ മുതൽ കൊല്ലം വരെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.




