പത്തനംതിട്ട: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഒരുങ്ങുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.
കേസിൽ അഭിലാഷ് ആദ്യം നൽകിയ മൊഴിയും പിന്നീട് എസ്ഐടിക്ക് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യമാണ് അന്വേഷണത്തിൽ നിർണായകമായത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച മൊഴി അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്നും അഭിലാഷ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മൊഴിയിലെ വൈരുധ്യം ഗൗരവത്തോടെയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. ഗൺമാന്റെ പരാതിയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു.
കേസിൽ ആദ്യം അന്വേഷണം നടത്തിയ റെയിൽവേ പൊലീസിലെ ഉദ്യോഗസ്ഥന്റെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. ഗുരുതര വകുപ്പുകൾ ചുമത്താനിടയായ സാഹചര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഗൺമാനെതിരായ തുടർനടപടികളിൽ തീരുമാനമുണ്ടായേക്കും.




