തോട്ടപ്പള്ളി മുതൽ എടയാർ വരെ കരിമണൽ ‘കച്ചവടം’; നിഗൂഢതകളുടെ ചുരുളഴിച്ച് ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ
Kerala

തോട്ടപ്പള്ളി മുതൽ എടയാർ വരെ കരിമണൽ ‘കച്ചവടം’; നിഗൂഢതകളുടെ ചുരുളഴിച്ച് ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ

Spread the love

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദങ്ങൾക്കും ശശിധരൻ കർത്തയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾക്കും പിന്നാലെ, സംസ്ഥാനത്തെ കരിമണൽ കൊള്ളയുടെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തേക്ക്. കരിമണൽ കമ്പനിയുടെ സുഗമമായ നടത്തിപ്പിനായി അധികാരകേന്ദ്രങ്ങളുമായി നടത്തിയ വഴിവിട്ട ഇടപാടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുരന്തനിവാരണത്തിന്റെ മറവിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കരിമണൽ കണക്കില്ലാതെ കടത്തിയതിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ’ എന്ന അന്വേഷണാത്മക പരമ്പരയാണ് ഈ വലിയ അഴിമതിയിലേക്ക് വീണ്ടും വെളിച്ചം വീശുന്നത്.

ദുരന്തനിവാരണത്തിന്റെ മറവിലെ കരിമണൽ കൊള്ള

കുട്ടനാട്ടിലെ പ്രളയസാധ്യത ഒഴിവാക്കാനെന്ന പേരിലാണ് 2019-ൽ ഇറിഗേഷൻ വകുപ്പ് തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. തകർന്ന ഷട്ടറുകൾ മാറ്റിവെയ്ക്കുകയോ, കനാലിലെ ചെളി നീക്കി ആഴം കൂട്ടുകയോ ചെയ്യാതെ, പരിസ്ഥിതി ലോല മേഖലയിൽ നിന്ന് കരിമണൽ ഖനനം ചെയ്യുക മാത്രമാണ് ഏക പോംവഴിയെന്നായിരുന്നു സർക്കാർ വാദം. പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലുമായി (KMML) ചേർന്നായിരുന്നു കരാറെങ്കിലും, ഈ മണലിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ കൊച്ചിയിലെ സിഎംആർഎൽ (CMRL) കമ്പനിയായിരുന്നു.
വെയ്‌ ബ്രിഡ്ജ് സ്ഥാപിച്ച് അളവ് തിട്ടപ്പെടുത്തണമെന്ന നിബന്ധനകൾ കാറ്റിൽപ്പറത്തിയും, ശാസ്ത്രീയ പഠനങ്ങളെ അട്ടിമറിച്ചുമാണ് കഴിഞ്ഞ ഡിസംബർ വരെ ഇവിടെ രാപ്പകൽ ഖനനം നടന്നത്. ദുരന്തനിവാരണത്തിന്റെ പരിധിയിൽ വന്നതിനാൽ ഹൈക്കോടതി ഖനനം തടഞ്ഞില്ലെങ്കിലും, ഇതിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

പരിസ്ഥിതിയെ വിഴുങ്ങുന്ന ‘സിമോക്സ് ക്ലേ’

തോട്ടപ്പള്ളിയിൽ നിന്ന് കൊച്ചി എടയാറിലെ സിഎംആർഎൽ കമ്പനിയിലെത്തിക്കുന്ന കരിമണലിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽ അടക്കമുള്ളവ നിർമ്മിച്ച ശേഷം ബാക്കിയാകുന്ന അവശിഷ്ടമാണ് ‘സിമോക്സ് ക്ലേ’. ഇത് മാരകമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതാണെന്ന് 1997-ൽ മലിനീകരണ നിയന്ത്രണ ബോർഡുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, 2006-ൽ ദുരൂഹമായ ഇടപെടലുകളിലൂടെ ഇത് അപകടകരമല്ലാത്ത മാലിന്യങ്ങളുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടു.
പെരിയാർ ചുവന്നൊഴുകിയതും നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധങ്ങളും സർക്കാർ സംവിധാനങ്ങൾ കാലങ്ങളായി അവഗണിക്കുകയായിരുന്നു. ഒടുവിൽ 2024 മേയിലുണ്ടായ പെരിയാറിലെ കൂട്ട മത്സ്യക്കുരുതിയെത്തുടർന്ന് ഹൈക്കോടതി ഇടപെടുകയും അന്നത്തെ പരിസ്ഥിതി സെക്രട്ടറി രത്തൻ ഖേൽക്കറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി സിമോക്സ് ക്ലേ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. 2024 ജൂലൈയിൽ പുറത്തുവന്ന പരിശോധനാ ഫലത്തിൽ, ഈ അവശിഷ്ടങ്ങളിൽ അനുവദനീയമായതിലും എത്രയോ ഇരട്ടി മാരക ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് അതീവ അപകടകരമാണെന്നും കണ്ടെത്തി. എന്നാൽ ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് വന്ന് രണ്ട് വർഷം പിന്നിടുമ്പോഴും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകളിൽ സിമോക്സ് ക്ലേ ഇപ്പോഴും ‘സുരക്ഷിതം’ തന്നെയാണ്!

 ഒൻപത് വർഷമായി മുഖ്യമന്ത്രിയുടെ കൈകളിൽ; ചോദ്യങ്ങളുമായി കേരളം

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ താൽക്കാലികമായി ആരോഗ്യമന്ത്രി കൈകാര്യം ചെയ്തതൊഴിച്ചാൽ, കഴിഞ്ഞ ഒൻപത് വർഷമായി പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
തോട്ടപ്പള്ളിയിൽ നിന്ന് എടയാർ വരെ നീളുന്ന കരിമണൽ പാതയിൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഖനനവും മലിനീകരണവും തുടരാൻ അനുമതി നൽകിയതിന് പിന്നിൽ ആരുടെയൊക്കെ ഇടപെടലുകളുണ്ട്? ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഇതിനെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്താൻ വഴിനീളെ പണമൊഴുക്കിയത് ആർക്കൊക്കെ വേണ്ടിയാണ്? രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിലേക്കാണ്.

22/06/2026
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534