പട്ടികയിലെ പരിശോധന പൂർത്തിയാകാത്തത് കാരണം; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന നടപടികൾ പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പട്ടികയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാർച്ചിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലിന് അർഹരായവരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.
എന്നാൽ പട്ടികയിലെ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനായില്ല. പട്ടിക സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് അത് തിരിച്ചയച്ചെങ്കിലും തുടർനടപടികൾ സമയബന്ധിതമായി ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പട്ടികയ്ക്ക് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം നൽകുന്നതിനുള്ള യോഗം ഓഗസ്റ്റ് 20നാണ് ചേരുന്നത്. ഇതിന് ശേഷമായിരിക്കും മെഡൽ പ്രഖ്യാപനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.




