കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റിട്ട. ഡെപ്യൂട്ടി കലക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) ആണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അറസ്റ്റിലായത്.
കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള ഭൂമി തരംമാറ്റി പുരയിടമാക്കി രേഖകൾ നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് നടപടി. കേസിൽ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെ ദിവസങ്ങൾക്കുമുമ്പ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
ഭൂമി തരംമാറ്റുന്നതിനായി വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് ഇടപാട് നടത്തുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്ഥലമുടമ നേരത്തെ പുരയിടമെന്ന നിലയിൽ കരം അടച്ചിരുന്ന ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് രേഖകളിൽ കൃഷിഭൂമിയാണെന്ന് വ്യക്തമായത്. കൃഷിഭൂമി മണ്ണിട്ട് നികത്തിയെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി തഹസിൽദാരുടെ സഹായി പരാതി നൽകുകയായിരുന്നു.
തുടർന്ന് സ്ഥലമുടമ തഹസിൽദാരെ സമീപിച്ചപ്പോൾ പരാതിക്കാരനുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിനും ഭൂമി പുരയിടമാക്കി രേഖ നൽകുന്നതിനുമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കായുമാണ് നൽകിയത്.
താലൂക്ക് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥർക്കും ഇടപാടിൽ പങ്കുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർ അന്വേഷണത്തിലാണ് വിരമിച്ച ഡെപ്യൂട്ടി കലക്ടർ എൻ.കെ. കൃപ കൈക്കൂലി ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.




