By:ഷിബു കൂട്ടുംവാതുക്കൾ, സബ്ബ് എഡിറ്റർ
കൊച്ചി: ടാക്സി ഡ്രൈവറായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കാലടി എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. കാലടി എസ്.ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി.ഐ.ജി നടപടി സ്വീകരിച്ചത്.
ശ്രീമൂലനഗരം സ്വദേശിയായ ടാക്സി ഡ്രൈവർ സുജിത് ജയൻ നൽകിയ പരാതിയിലാണ് നടപടി. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനെന്ന പേരിലാണ് സുജിത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പരാതി.
ക്യാമറയുടെ നിരീക്ഷണമില്ലാത്ത മുറിയിലേക്ക് മാറ്റി മർദ്ദിച്ചെന്നും ജനനേന്ദ്രിയത്തിൽ ഇടിച്ചെന്നും അസഭ്യം പറഞ്ഞെന്നും സുജിത് പരാതിയിൽ ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ലാ പൊലീസ് മേധാവി ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് അന്വേഷണ റിപ്പോർട്ട് റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
സംഭവം പുറത്തുവന്നതോടെ കാലടി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി നടപടികളെക്കുറിച്ച് വിമർശനമുയർന്നിരുന്നു. പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ യുവാവിനെ മർദ്ദിച്ചെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണവും നടപടികളും ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സസ്പെൻഷൻ.




