‘കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ (AMMA) നാടകീയ രംഗങ്ങൾക്കൊടുവിൽ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. ഇന്ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളെച്ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കമാണ് കൂട്ടരാജിയിൽ കലാശിച്ചത്. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളും രാജിക്കത്ത് കൈമാറി.
രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ഒരു വിഭാഗം മുതിർന്ന അംഗങ്ങൾ ആരോപിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. കണക്കുകളിൽ വലിയ പിഴവുകളുണ്ടെന്നും ഇത് പാസാക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ രംഗത്തെത്തി.
റിപ്പോർട്ടിലെ അപൂർണ്ണതകൾ ചൂണ്ടിക്കാട്ടി പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരും എതിർപ്പ് ശക്തമാക്കിയതോടെ യോഗം കൂടുതൽ കലുഷിതമായി. ഉയർന്നുവന്ന പരാതികൾ പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ആവശ്യപ്പെടുകയും ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയും ചെയ്തു. എന്നാൽ ഇരുവിഭാഗങ്ങളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ അനുരഞ്ജന ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.
‘എന്നെ ബിജെപിക്കാരിയാക്കാൻ ശ്രമിക്കുന്നു’; പൊട്ടിത്തെറിച്ച് ശ്വേത
തർക്കങ്ങൾ പരിധിവിട്ടതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചു. യോഗത്തിനിടെ സ്റ്റേജിൽ കയറിയായിരുന്നു ശ്വേതയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
എനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ല. എന്നാൽ എന്നെ ബോധപൂർവം ഒരു ബിജെപിക്കാരിയാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുണ്ട്”* ശ്വേത മേനോൻ കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി.
രാജി പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റ് ഭരണസമിതി അംഗങ്ങളും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.
ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ സംഘടനയുടെ ദൈനംദിന കാര്യങ്ങൾക്കായി ഉടൻ തന്നെ താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മിറ്റിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സംഘടനയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. താരസംഘടനയിലെ ഈ പുതിയ പ്രതിസന്ധി സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.




