റാന്നി: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അങ്ങാടി വില്ലേജിൽ വരവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ മകൻ അനൂപ് സി.എം. (31) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്.
സാമൂഹികമാധ്യമങ്ങളിൽനിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.
എറണാകുളത്തുനിന്നാണ് റാന്നി പൊലീസ് പ്രതിയെ പിടികൂടിയത്. മോർഫ് ചെയ്ത ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും പിടിച്ചെടുത്തു. എസ്.ഐ. സിബി, സി.പി.ഒമാരായ പ്രദീപ് പി. പ്രസാദ്, ശൈലേന്ദ്ര ബാബു, സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




