By : ഷിബു കൂട്ടുംവാതുക്കൾ സബ് എഡിറ്റർ
ഇടുക്കി: വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മഴക്കെടുതി സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ അടിമാലിയിൽ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.
മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും മലയോര മേഖലകളിൽ ദുരന്തസാധ്യത കണക്കിലെടുത്ത് ജാഗ്രത തുടരണമെന്ന് മന്ത്രി നിർദേശിച്ചു. രാത്രികാല യാത്രാവിലക്ക് ഉൾപ്പെടെയുള്ള സുരക്ഷാ നിയന്ത്രണങ്ങൾ തുടരും. വിനോദസഞ്ചാരികളും പൊതുജനങ്ങളും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. അടിമാലി പഴമ്പിള്ളിച്ചാലിലെ ഗവ. എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലെ 17 പേരാണുള്ളത്. എട്ട് സ്ത്രീകളും ആറ് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്.ദുരിതബാധിതർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.




