പത്തനംതിട്ട: കലഞ്ഞൂരിൽ ജനവാസ മേഖലയ്ക്ക് സമീപം കരിമ്പുലിയെ കണ്ടതായി നാട്ടുകാർ. എലിക്കോട്, ഇരുക്കുഴി ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ കരിമ്പുലിയെ കണ്ടത്. റബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം പുലിയെ കണ്ടതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നാണ് വിവരം. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും പുറത്തിറങ്ങാൻ നാട്ടുകാർ ഭയപ്പെടുകയാണ്.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
കരിമ്പുലിയെ പിടികൂടുന്നതിനായി കൂട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടുമൃഗശല്യം രൂക്ഷമായ പ്രദേശത്ത് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.




