കൊച്ചി: രാസ-ജൈവ ലഹരികൾക്കെതിരെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉൾപ്പെടെയുള്ള മദ്യത്തെ ‘തൂഫാൻ’ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് നീതീകരിക്കാനാകില്ലെന്ന് കെ.സി.ബി.സി. ഭാരവാഹികൾ. ചെത്തുകള്ളിന് പരിധിയുള്ള സാഹചര്യത്തിൽ വ്യാജക്കള്ള് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
മദ്യത്തെ മാന്യവത്കരിക്കുന്ന നയങ്ങളോട് യോജിക്കാനാകില്ലെന്നും കെ.സി.ബി.സി. വ്യക്തമാക്കി. എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലത്തെ മദ്യനയത്തിന്റെ മാതൃകയാണ് യു.ഡി.എഫ്. സ്വീകരിക്കേണ്ടതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഷാപ്പുകൾ ഹോട്ടലുകളാക്കി മാറ്റിയതിലൂടെ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതായും കെ.സി.ബി.സി. ആരോപിച്ചു.
ബാറുകൾ അനുവദിക്കുന്നതിൽ കേന്ദ്രീകൃത തീരുമാനങ്ങൾക്ക് പകരം അതത് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മദ്യത്തെയും പരിഗണിച്ച് പരിശോധനയും നിയന്ത്രണ നടപടികളും ശക്തമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.




