പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണ കിരീടം കാണാതായിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു
ക്ഷേത്രത്തിലെ വിലപിടിപ്പുള്ള തിരുവാഭരണങ്ങളും മറ്റ് വസ്തുക്കളും ദേവസ്വം ബോർഡിന്റെയും സ്ട്രോങ് റൂം അധികൃതരുടെയും സുരക്ഷിതമായ മേൽനോട്ടത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി ശബരിമലയിലെ തിരുവാഭരണങ്ങളും സ്വർണ്ണ ഉരുപ്പടികളും കൃത്യമായ ഇടവേളകളിൽ ദേവസ്വം വിജിലൻസിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇൻവെന്ററി തിട്ടപ്പെടുത്താറുണ്ട്. നിലവിൽ ബോർഡിന്റെ രേഖകളിലുള്ള എല്ലാ സ്വർണ്ണാഭരണങ്ങളും കിരീടവും സ്ട്രോങ് റൂമിൽ സുരക്ഷിതമാണ്. ഭക്തജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രമുതലുകളുടെ കാര്യത്തിൽ പൂർണ്ണമായ സുതാര്യത ബോർഡ് ഉറപ്പുവരുത്തുന്നുണ്ടെന്നും, ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് ദേവസ്വം ബോർഡിന്റെയും ക്ഷേത്രത്തിന്റെയും പ്രതിച്ഛായ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും വസ്തുവകകളുടെ സംരക്ഷണവും ദേവസ്വം മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് മുന്നോട്ട് പോകുന്നതെന്നും, ഭക്തജനങ്ങൾ ഇല്ലാത്ത പ്രചരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു




