പത്തനംതിട്ട: മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴുകര സ്വദേശി ജിത്തുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
റിസോർട്ടിൽ ട്രെയിനിയായി ജോലി ആരംഭിച്ച് രണ്ടാഴ്ച മാത്രമായിരുന്നു ദിൻഷയ്ക്ക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മൃതദേഹം കോഴഞ്ചേരിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




