പത്തനംതിട്ട: അമ്മയെ കാണാനായി ബോർഡിങ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി വഴിതെറ്റി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ആറു വയസ്സുകാരിയും പത്ത് വയസ്സുകാരനും വനിതാ പൊലീസിന്റെ സമയോചിത ഇടപെടലിൽ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തി.
മൈലപ്രയിലെ അമല മാതാ ബഥനി ബോർഡിങ് സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന കുട്ടികളാണ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലെത്തിയത്. അമ്മയെ കാണണമെന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ ആഗ്രഹത്തെ തുടർന്ന് പത്ത് വയസ്സുകാരനും ഒപ്പം പോരുകയായിരുന്നു.
രക്ഷിതാക്കളില്ലാതെ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന കുട്ടികളെ കണ്ട സ്വകാര്യ ബസ് ജീവനക്കാർ വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷെമിമോളെ വിവരമറിയിച്ചു. തുടർന്ന് പിങ്ക് പൊലീസിന്റെ സഹായത്തോടെ കുട്ടികളെ സ്റ്റേഷനിലെത്തിച്ചു. ഉച്ചയ്ക്ക് 12.30ഓടെ കണ്ടെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ ഒരു മണിക്കൂറിനകം കണ്ടെത്തി കുട്ടികളെ സുരക്ഷിതമായി കൈമാറി.
കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് രക്ഷിതാക്കളെ കണ്ടെത്തിയത്. പത്തനംതിട്ട ഡിവൈ.എസ്.പി നിഷാദ് മോൻ സ്റ്റേഷനിലെത്തി രക്ഷിതാക്കളുമായി സംസാരിച്ചു.




