കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്.
മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജെഎംഎ ആവശ്യപ്പെട്ടു.
ജെഎംഎ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാനെതിരെയുണ്ടായ ആക്രമണം സാംസ്കാരിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്ന് സംഘടന വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കുന്നതിനൊപ്പം മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണെന്നും ജെഎംഎ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കോട്ടയം ജില്ലാ കമ്മിറ്റി സ്വീകരിക്കുന്ന നടപടികൾക്ക് സംസ്ഥാന കമ്മിറ്റിയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ജെഎംഎയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. മാധ്യമപ്രവർത്തകരുടെ സുരക്ഷയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന ആവശ്യവും മാർച്ചിൽ ഉന്നയിക്കും.




