കോൺസ്റ്റൻസ: കരിങ്കടലിൽ വാണിജ്യ കപ്പലായ എം.വി. റോയാദ് മമ്മദോവിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് വിദേശ പൗരന്മാർ മരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചതായും നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി റൊമാനിയയിലെത്തിച്ചു. ഇവരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും കോൺസ്റ്റൻസ കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റൊമാനിയയിലെ ഇന്ത്യൻ എംബസി മൂന്ന് ഇന്ത്യൻ ജീവനക്കാരുമായും ബന്ധപ്പെട്ടതായി അറിയിച്ചു. ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര ഇവരുമായി സംസാരിക്കുകയും ആശുപത്രി അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റ ജീവനക്കാരന് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ട്.
മൂന്ന് ഇന്ത്യക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ അറിയിച്ചതായി എംബസി വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിച്ചതോടെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.




