റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെട്ടിക്കാട്ടിരി സ്വദേശി സാഹസികമായി അറസ്റ്റിൽ
ചെറുതുരുത്തി: വാറന്റ് പ്രതിയെ അന്വേഷിക്കാനെത്തിയ പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ ചെറുതുരുത്തി പോലീസ് സാഹസികമായി പിടികൂടി. വെട്ടിക്കാട്ടിരി സ്വദേശി പാളയംക്കോട്ടക്കാരൻ വീട്ടിൽ റെജീബ് (32) ആണ് അറസ്റ്റിലായത്.
2026 സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. വാറന്റ് പ്രതിയായ റെജീബിനെ അന്വേഷിച്ച് ചെറുതുരുത്തി പോലീസ് സംഘം ഔദ്യോഗിക വാഹനത്തിൽ കലാമണ്ഡലം പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
പോലീസ് സംഘത്തെ കണ്ട റെജീബും കൂട്ടാളിയും ചേർന്ന് ജീപ്പുമായി എത്തുകയായിരുന്നു. റെജീബിന്റെ നിർദേശപ്രകാരം കൂട്ടാളി വാഹനം പോലീസ് ഉദ്യോഗസ്ഥന്റെ നേരെ ഓടിച്ച് ഇടിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഔദ്യോഗിക വാഹനത്തിലും ജീപ്പ് ഇടിപ്പിച്ച് കേടുപാടുകൾ വരുത്തി. വാഹനമിടിച്ച് തെറിച്ചുവീണ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടറും സംഘവും ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസുകാർക്ക് നേരെ വാഹനം അമിത വേഗത്തിൽ ഓടിച്ച് പ്രതികൾ രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ റെജീബ് തൃശൂരിലെ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്ന് കുന്നംകുളം സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ സജു എബ്രഹാമിന്റെ നിർദേശപ്രകാരം അന്വേഷണ സംഘം റിസോർട്ട് വളഞ്ഞ് റെജീബിനെ പിടികൂടുകയായിരുന്നു.
ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ കൊലപാതകം, പിടിച്ചുപറി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റെജീബെന്ന് പോലീസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണർ സജു എബ്രഹാമിന്റെയും ചെറുതുരുത്തി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ വി.എസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഡിജോ വാഴപ്പിള്ളി, ഗിരീഷ് എ., സിവിൽ പോലീസ് ഓഫീസർമാരായ സുബിൻ ചന്ദ്രൻ, ഷമീം കെ.എ. എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




