By: ഷിബു കൂട്ടുംവാതുക്കൾ സബ് എഡിറ്റർ
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് വിവിധയിടങ്ങളിൽ നിന്നായി 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിൽ 85 ലക്ഷം രൂപ ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും ഡി.ജി.പിക്ക് നൽകിയ കത്തിൽ ഇ.ഡി. വ്യക്തമാക്കിയതായി റിപ്പോർട്ട്.
റിയാസിന് ലഭിച്ചുവെന്ന് ആരോപിക്കുന്ന കൈക്കൂലി തുക സി.എം.ആർ.എൽ കമ്പനിയിൽ നിന്നുള്ളതല്ലെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ വിവിധ ഇടങ്ങളിൽനിന്ന് കൈക്കൂലി വ്യാപകമായി ലഭിച്ചുവെന്ന സൂചനയാണ് അന്വേഷണ ഏജൻസി മുന്നോട്ടുവയ്ക്കുന്നത്.
റിയാസിന്റെ കൈക്കൂലി ഇടപാടുകളുടെയും പണം ദുബായിലേക്ക് കടത്തിയതിന്റെയും തെളിവുകൾ ഭാര്യ ടി. വീണയുടെ ഡയറിയിൽനിന്ന് ലഭിച്ചതായും ഇ.ഡി. അവകാശപ്പെടുന്നു. വീണയുടെ ഡയറിയെ ‘റെഡ് ബുക്ക്’ എന്നാണ് ഇ.ഡി. കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഡയറിയിലെ ഏഴ് പേജുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
പണം ദുബായിലേക്ക് കടത്തിയ കാലയളവിൽ വീണ രണ്ടാഴ്ചയോളം ദുബായിൽ താമസിച്ചതിനും തെളിവുകൾ ലഭിച്ചതായി ഇ.ഡി. പറയുന്നു. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, വാരിസ് എന്നിവർക്ക് പണം വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഇവർ ഇക്കാര്യം സമ്മതിച്ച് മൊഴി നൽകിയതായും കത്തിൽ പരാമർശിക്കുന്നു.
വീണയുടെ മൊത്തം സാമ്പത്തിക ഇടപാടുകൾ 20 കോടി അഞ്ചുലക്ഷം രൂപയുടേതാണെന്നും ഇ.ഡി. കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 85 ലക്ഷം രൂപ വിദേശത്തേക്ക് കടത്തിയതിന്റെ തെളിവുകളും അന്വേഷണത്തിൽ ലഭിച്ചതായാണ് അവകാശവാദം.
പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ
അതേസമയം, കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താമോയെന്നും ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്നതും അന്വേഷണം ഏത് രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്നതുമടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചില്ലെങ്കിലും കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ.
ഇന്നലെ രാത്രിയും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വിഷയത്തിൽ കൂടിയാലോചന നടത്തി സാഹചര്യം വിലയിരുത്തിയിരുന്നു.
അതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് പോയി. സ്വകാര്യ സന്ദർശനത്തിനായാണ് യാത്ര. നിയമോപദേശം ലഭിച്ചാൽ ആഭ്യന്തരമന്ത്രി മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയ ശേഷമാണ് യാത്രയെന്നാണ് വിവരം.




