കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമിതി രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ. പി.കെ. തോമസ് അധ്യക്ഷനായ സമിതിയിൽ തൃശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്. ഷാരിജ എന്നിവർ അംഗങ്ങളാണ്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഹെർണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചങ്ങനാശേരി പുതൂർപ്പള്ളി പുതുപറമ്പിൽ ഹസീന (49) കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് മരിച്ചത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ തിങ്കളാഴ്ച മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സമിതി രൂപീകരിച്ച് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.

Kerala



