പത്മശ്രീ ചെറുവയൽ രാമൻ( നെല്ലച്ഛൻ) അന്തരിച്ചു
Kerala

പത്മശ്രീ ചെറുവയൽ രാമൻ( നെല്ലച്ഛൻ) അന്തരിച്ചു

Spread the love

പടിയിറങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

വയനാട്: പത്മശ്രീ പുരസ്കാര ജേതാവും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പാരമ്പര്യ കൃഷിരീതികളുടെയും നാടൻ നെൽവിത്തുകളുടെയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം ‘വയനാടിന്റെ നെല്ലച്ഛൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

കുന്നുംകുളമ്പൻ, പെരുവക, വെള്ളിമുത്ത്, കനകം, ചെമ്പകം, ഗന്ധകശാല, വെളിയൻ തുടങ്ങിയവയുൾപ്പെടെ 55-ലധികം അപൂർവ നാടൻ നെൽവിത്തിനങ്ങൾ വരുംതലമുറയ്ക്കായി സംരക്ഷിച്ചാണ് ചെറുവയൽ രാമൻ ശ്രദ്ധേയനായത്. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി പരമ്പരാഗത ജൈവകൃഷിരീതിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കൃഷി.

‘വിത്ത് സ്നേഹമാണ്, ചരക്കല്ല’ എന്ന നിലപാടിൽ ഉറച്ചുനിന്ന അദ്ദേഹം നെൽവിത്തുകൾ വിൽക്കാൻ തയാറായിരുന്നില്ല. വിത്ത് സ്വീകരിക്കുന്നവർ അടുത്ത കൃഷിക്കാലത്ത് അതേ അളവിൽ വിത്ത് തിരികെ നൽകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. വിത്തുകളുടെ കൈമാറ്റത്തിലൂടെ പാരമ്പര്യ കൃഷിയറിവുകളും ജൈവവൈവിധ്യവും സംരക്ഷിക്കുകയായിരുന്നു ഈ രീതിയുടെ ലക്ഷ്യം.

പാരമ്പര്യ കൃഷിക്കും അപൂർവ നെൽവിത്തുകളുടെ സംരക്ഷണത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നാഷനൽ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025-ൽ കേരള കാർഷിക സർവകലാശാലയുടെ ‘പ്രഫസർ ഓഫ് പ്രാക്ടിസ്’ പദവി നൽകി സംസ്ഥാന സർക്കാരും അദ്ദേഹത്തെ ആദരിച്ചു.

കാർഷിക പൈതൃകത്തിന്റെ സംരക്ഷകനായി തലമുറകൾക്ക് മാതൃകയായ ചെറുവയൽ രാമന്റെ വിയോഗം പരമ്പരാഗത കൃഷിമേഖലയ്ക്ക് വലിയ നഷ്ടമാണ്.
ഭാര്യ: ഗീത.മക്കൾ: രമണി,രമേശൻ, രാജേഷ്.

14/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534