കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവീസ് ഒക്ടോബർ 22ന് ആരംഭിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുര–ഗുരുവായൂർ എക്സ്പ്രസ് (16327) വ്യാഴാഴ്ച രാവിലെ 11.35ന് മധുരയിൽനിന്ന് യാത്ര തിരിക്കും.
ഉച്ചയ്ക്ക് 2.30ന് ചെങ്കോട്ടയിലെത്തുന്ന ട്രെയിൻ 2.45ന് അവിടെനിന്ന് പുറപ്പെട്ട് ഭഗവതിപുരം, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കൽ, ഇടമൺ, പുനലൂർ, ആവണീശ്വരം, കുറി, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ സ്റ്റേഷനുകൾ വഴി വൈകിട്ട് 7.35ന് കൊല്ലത്തെത്തും. ചെങ്കോട്ടയിലും പുനലൂരിലും അഞ്ചു മിനിറ്റും കൊല്ലത്ത് പത്ത് മിനിറ്റുമാണ് ട്രെയിനിന്റെ നിർത്തൽ സമയം. മറ്റു സ്റ്റേഷനുകളിൽ ഒരു മിനിറ്റ് വീതം നിർത്തും.
കൊല്ലം ജില്ലയ്ക്ക് ലഭിച്ച ചരിത്രനേട്ടമാണിതെന്ന് എം.പി. പറഞ്ഞു. രാജ്യത്ത് വിസ്റ്റാഡോം കോച്ച് സർവീസ് ആരംഭിച്ചതുമുതൽ കൊല്ലം–ചെങ്കോട്ട പാതയിലും ഇത്തരം കോച്ച് അനുവദിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. ഈ ശ്രമം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും കോച്ച് അനുവദിച്ച റെയിൽവേയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമഘട്ടത്തിന്റെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ പരമാവധി സ്റ്റേഷനുകളിൽ നിർത്തിയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സംവിധാനം കൊല്ലം–ചെങ്കോട്ട പാതയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന കൂടുതൽ വിനോദസഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും വിസ്റ്റാഡോം കോച്ച് സഹായകമാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.




