തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃശ്ശൂർ മണ്ഡലത്തിൽ ‘കിറ്റ് വിവാദം’ രാഷ്ട്രീയ പോരാട്ടമായി മാറുന്നു. വാടാനപ്പള്ളിയിലെ കിറ്റ് ശേഖരണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ തുടർനടപടികൾക്കായി പൊലീസ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി തേടി. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചതായും കോടതി ഇന്ന് വാദം കേൾക്കുമെന്നും അധികൃതർ അറിയിച്ചു.
മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യാനായി ബിജെപി കിറ്റുകൾ തയ്യാറാക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ കേന്ദ്രം ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടൻ എന്നിവരാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്ന് യുഡിഎഫും എൽഡിഎഫും ആരോപിച്ചു. നേതാക്കൾ സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണം ശക്തമായതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എന്നാൽ, വിഷു പ്രമാണിച്ച് ഒരു സന്നദ്ധ സംഘടനയ്ക്ക് നൽകാൻ ഓർഡർ ചെയ്ത കിറ്റുകളാണിതെന്നാണ് സതീഷ് നൽകുന്ന വിശദീകരണം.
അതേസമയം, ഇതൊരു തിരക്കഥയനുസരിച്ചുള്ള നാടകമാണെന്ന് താരം ദേവൻ പ്രതികരിച്ചു. ടി.എൻ. പ്രതാപൻ ആസൂത്രണം ചെയ്ത നീക്കമാണിതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒളരിയിലെ സമാനമായ സംഭവത്തിൽ എൽഡിഎഫ് മനഃപൂർവ്വം വിവാദം സൃഷ്ടിക്കുകയാണെന്ന് ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാലും കുറ്റപ്പെടുത്തി.
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വഴിവിട്ട രീതികൾ ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് – എൽഡിഎഫ് മുന്നണികൾ ആരോപിക്കുന്നു. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ രാധാകൃഷ്ണനെതിരെ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മണലൂരിലും സമാന സംഭവം ഉണ്ടായത് ഗൗരവകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കിറ്റ് വിവാദം തൃശ്ശൂരിലെ പോരാട്ടത്തിന് പുതിയ മുഖം നൽകിയിരിക്കുകയാണ്.




