തിരുവനന്തപുരം: മാധ്യമരംഗത്തെ ശുദ്ധീകരിക്കുന്നതിനും യഥാർത്ഥ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ സംഘടനയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിക്കുകയും, മാധ്യമരംഗം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സുപ്രധാന നിവേദനം സമർപ്പിക്കുകയും ചെയ്തു.
മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വിശ്വാസ്യത തകർക്കുന്ന രീതിയിൽ വ്യാജന്മാർ പെരുകുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
പ്രധാന ആവശ്യങ്ങൾ:
പ്രസ്സ് പാസുകളിൽ പരിശോധന: നിലവിൽ അനുവദിച്ചിട്ടുള്ളതും പുതിയതായി അനുവദിക്കുന്നതുമായ പ്രസ്സ് പാസുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുക.
വ്യാജന്മാരെ തടയുക:മാധ്യമപ്രവർത്തകർ എന്ന വ്യാജേന സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നവരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്തി അവർക്കെതിരെ അടിയന്തര നിയമനടപടികൾ സ്വീകരിക്കുക.
മാധ്യമരംഗത്തെ തനിമയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാനും, യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. JMA സംസ്ഥാന-ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.




