പത്തനംതിട്ട: വന്യജീവി ആക്രമണം ജില്ലയിലെ ജനജീവിതത്തിന് തടസ്സമാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങൾ നിരന്തരം വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുകയാണ്. കേന്ദ്രത്തിന്റെ വനനിയമങ്ങളും സംസ്ഥാന സർക്കാരിന്റെ നടപടികളിലെ വീഴ്ചകളും ആക്രമണത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നതായി യോഗം അംഗീകരിച്ച പ്രമേയത്തിൽ ആരോപിച്ചു.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വന്യജീവി പ്രതിരോധ നടപടികൾക്ക് തുടർച്ചയില്ലാത്ത സ്ഥിതിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വേലികൾ പലതും പ്രവർത്തനരഹിതമാണ്. കിടങ്ങുകൾ മണ്ണ് വീണ് മൂടിയിട്ടും അവ പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും പ്രമേയം ആരോപിച്ചു.
കൃഷി നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള നിലവിലെ നിയമവ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.




