കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരസിച്ചു. 2026 ഒക്ടോബർ 13-ന് പരിഗണിച്ച അപ്പീലുകളിൽ തുടർനടപടികൾ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിധി പറയാൻ മാറ്റി.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ,മകൾ ടി.വീണ.,മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദേശം.
സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ തങ്ങൾ കക്ഷികളായിരുന്നില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമാണ് അപ്പീലർമാരുടെ വാദം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. അപ്പീലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തശേഷമേ സ്റ്റേ ആവശ്യത്തിൽ പരിഗണനയുണ്ടാകൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.




