തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽനിന്ന് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാൽ അകത്തുള്ള മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പുകുറ്റിയിൽ കൈവിലങ്ങ് ബന്ധിച്ചാണ് പ്രതിയെ സൂക്ഷിച്ചിരുന്നത്.
രാത്രി 11 മണിയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരിയ പ്രതി സ്റ്റേഷന്റെ മുൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി ഓടുന്നത് കണ്ട പാറാവുകാരൻ ഉൾപ്പെടെയുള്ള പോലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും സ്റ്റേഷനിൽനിന്ന് തിരുവല്ല–കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള കാട്ടിലേക്ക് ചാടി പ്രതി രക്ഷപ്പെട്ടു.
പോലീസുകാർ പിന്നാലെ കാട്ടിലേക്ക് ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും അന്ന് പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.




