കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിലൂടെ യുവതിയെ വിളിച്ചുവരുത്തി ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിൽ നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളെ ബന്ധപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അഭിമുഖത്തിനായി വിളിച്ചുവരുത്തിയ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച ശേഷം മദ്യവും ലഹരിവസ്തുക്കളും നൽകിയെന്നും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
സംഭവത്തിന് പിന്നിൽ സ്ത്രീകളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിൽ ഒരു സ്ത്രീയടക്കം രണ്ടുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




