തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ചർച്ചകളിൽ പാർട്ടി നേതൃത്വം ജാഗ്രത പാലിക്കണമെന്ന് ആർഎസ്എസ്. ശ്രീലേഖയുടെ സമ്മർദ്ദ തന്ത്രത്തിൽ വീഴേണ്ട ആവശ്യമില്ലെന്നും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി പ്രഖ്യാപനത്തെ രാഷ്ട്രീയ സമ്മർദ്ദമായി കണ്ട് പാർട്ടി തീരുമാനങ്ങൾ എടുക്കേണ്ടതില്ലെന്നുമാണ് ആർഎസ്എസ് നിലപാടെന്നാണ് വിവരം.
ശ്രീലേഖ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അനാവശ്യമായ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശം ആർഎസ്എസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായത്.
വ്യക്തിപരമായ അസൗകര്യങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ തീരുമാനിക്കുന്നതായി ശ്രീലേഖ മേയർ വി.വി. രാജേഷിന് കത്ത് നൽകിയത്. വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിലൂടെയും അവർ രാജി വിവരം അറിയിച്ചിരുന്നു.
എന്നാൽ രാജി പ്രഖ്യാപനം സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന തരത്തിൽ രാഷ്ട്രീയ ചർച്ചകൾ ഉയർന്നതോടെ ബിജെപി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. ശ്രീലേഖയുടേത് സമ്മർദ്ദ തന്ത്രമല്ലെന്നും ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.
മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച ‘നിധി’യാണെന്നും പദവികൾ മോഹിച്ചല്ല അവർ പാർട്ടിയിലെത്തിയതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. അവരുടെ രാജി പ്രഖ്യാപനം സമ്മർദ്ദ തന്ത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സന്ദർശിച്ച് ചർച്ച നടത്തി. പാർട്ടി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾക്കൊടുവിൽ രാജി തീരുമാനം പിൻവലിക്കാൻ ശ്രീലേഖ തയ്യാറായി.
വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച രാജി സന്ദേശവും പിന്നീട് നീക്കം ചെയ്തു. ശ്രീലേഖ ബിജെപി കൗൺസിലറായി തുടരുമെന്ന് പാർട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചു.




