കാഫിർ സ്ക്രീൻഷോട്ട് വിവാദം: ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ
Crime, Kerala

കാഫിർ സ്ക്രീൻഷോട്ട് വിവാദം: ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ

Spread the love

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.റ്റി). വ്യാജ സ്ക്രീൻഷോട്ട് വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറാണ് പിടിയിലായത്. ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയിലാണ് നിർണായകമായ ഈ നീക്കം.
‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കർ തന്നെയാണ് പോസ്റ്റ് ആദ്യം ഗ്രൂപ്പിലിട്ടത്. ഇവിടെ നിന്നാണ് മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലേക്ക് ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

വ്യാജ സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ നിർമ്മിച്ചത് ആരാണ്, ഇതിന് പിന്നിൽ ആരുടെയെങ്കിലും നിർദ്ദേശമോ കൃത്യമായ ആസൂത്രണമോ ഉണ്ടോ, പ്രചരിപ്പിച്ചതിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇനി പോലീസിന് കണ്ടെത്താനുള്ളത്. ജിതിൻ ഭാസ്കറെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പേര് ദുരുപയോഗം ചെയ്താണ് വ്യാജ പോസ്റ്റ് നിർമ്മിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ ‘ദീനിയായ മുസ്ലിം’ ആയും എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ ‘കാഫിർ’ ആയും ചിത്രീകരിച്ച് സാമുദായിക ധ്രുവീകരണത്തിനായിരുന്നു പോസ്റ്റിലൂടെ ശ്രമിച്ചത്. മുൻപ് നടന്ന അന്വേഷണം ‘റെഡ് എൻകൗണ്ടർ’ എന്ന വാട്സാപ്പ് ഗ്രൂപ്പിലും ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലും എത്തി നിൽക്കുന്ന ഘട്ടത്തിലാണ് അന്വേഷണം നിശ്ചലമായത്. എന്നാൽ പുതിയ എസ്.ഐ.റ്റി ചുമതലയേറ്റതോടെ അന്വേഷണം വേഗത്തിലാവുകയായിരുന്നു. സ്വന്തം സംഘടനയിലെ പ്രമുഖ നേതാവ് തന്നെ പ്രതിയായി അറസ്റ്റിലായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായിട്ടുണ്ട്.

16/06/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534