തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ചു. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ഇടപെടലിനും തുടർച്ചയായ ചർച്ചകൾക്കും പിന്നാലെയാണ് ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്.
ഒക്ടോബർ മൂന്നിനാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലേഖ രാജി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30ന് രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രാജി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ പ്രശ്നപരിഹാരത്തിനായി ബിജെപി നേതൃത്വം ഇടപെടുകയായിരുന്നു.
നഗരസഭാ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന അതൃപ്തിയാണ് രാജി തീരുമാനത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തിരുവനന്തപുരം നഗരസഭയിൽ അധികാരത്തിലെത്തിയപ്പോൾ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും വി.വി. രാജേഷിനെയാണ് മേയറായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ശ്രീലേഖയ്ക്ക് പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
രാജി പ്രഖ്യാപിച്ചതോടെ 101 അംഗ തിരുവനന്തപുരം നഗരസഭയിലെ ഭരണസമവാക്യങ്ങളിലും ആശങ്ക ഉയർന്നിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് ഭരണം. ശ്രീലേഖ രാജിവച്ചാൽ ഭരണസമിതിയുടെ ഭൂരിപക്ഷം കൂടുതൽ ദുർബലമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതാണ് അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. പാർട്ടിയിൽ അർഹമായ പരിഗണനയും ഭാവിയിൽ ഉത്തരവാദിത്തങ്ങളും നൽകാമെന്ന ഉറപ്പുകൾ ഉൾപ്പെടെയുള്ള അനുനയ നീക്കങ്ങളാണ് നടന്നതെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പുനഃപരിശോധിക്കാൻ ശ്രീലേഖ തയ്യാറായത്.
രാജി പിൻവലിച്ചതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്ക് തൽക്കാലം ഉണ്ടായിരുന്ന രാഷ്ട്രീയ സമ്മർദം ഒഴിവായി. അതേസമയം, ശ്രീലേഖയും പാർട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പൂർണമായി പരിഹരിച്ചോ എന്നതിൽ വ്യക്തത വരേണ്ടതുണ്ട്.
മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ശ്രീലേഖ 2024ലാണ് ബിജെപിയിൽ ചേർന്നത്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽനിന്ന് വിജയിച്ചാണ് നഗരസഭയിലെത്തിയത്.




