പത്തനംതിട്ട: പകൽച്ചൂട് വർധിക്കുന്നതോടെ മത്സ്യങ്ങൾ വേഗത്തിൽ കേടാകാനുള്ള സാധ്യത ഉയരുന്നു. ആവശ്യമായ ശീതസംരക്ഷണം ഉറപ്പാക്കാത്ത മീനുകളുടെ ഗുണനിലവാരം കുറയാനും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുള്ളതിനാൽ വിപണിയിൽ ജാഗ്രത വേണം.
പുല്ലാട് വടക്കേ കവലയിൽനിന്ന് വാങ്ങിയ മീൻ പാകം ചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈയിൽ ചൊറിച്ചിലും തടിപ്പും ഉണ്ടായ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ അമോണിയം ചേർത്തിരുന്നതായി കണ്ടെത്തിയിരുന്നു.
മത്സ്യം പിടിക്കുന്നതു മുതൽ വിൽപ്പനവരെ ആവശ്യത്തിന് ഐസ് ഉപയോഗിച്ച് ശീതസംരക്ഷണം ഉറപ്പാക്കണം. മീൻ വാങ്ങുമ്പോൾ ദുർഗന്ധം, നിറവ്യത്യാസം, അസാധാരണമായ മൃദുത്വം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗിക്കരുത്. വാങ്ങിയ മീൻ ദീർഘനേരം ചൂടിൽ സൂക്ഷിക്കുന്നതും ഒഴിവാക്കണം.
വിൽപ്പനകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കണമെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.




