പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് മാറ്റിയത്.
നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അംഗീകരിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ പൂർത്തിയാക്കി കേസ് സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ഇനി വിചാരണ സംബന്ധിച്ച തുടർനടപടികൾ സെഷൻസ് കോടതിയിലാകും.
വിദേശത്ത് താമസിക്കുന്ന മലയാളിയായ 31കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2026 മേയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ആരോപണങ്ങൾ മാങ്കൂട്ടത്തിൽ നിഷേധിക്കുകയും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ അന്തിമ വിധി ഉണ്ടായിട്ടില്ല.




