പത്തനംതിട്ട: തണ്ണിത്തോട് വനമേഖലയിൽ രാത്രികാലങ്ങളിൽ വീണ്ടും വെടിയൊച്ച കേൾക്കുന്നതായി പ്രദേശവാസികളുടെ പരാതി. ഇതോടെ വന്യമൃഗവേട്ട വീണ്ടും സജീവമായോ എന്ന ആശങ്ക ശക്തമായി. വെടിയൊച്ച കേട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അടിയന്തര പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തണ്ണിത്തോട്, പൂച്ചക്കുളം, ഗുരുനാഥൻമണ്ണ് തുടങ്ങിയ വനമേഖലകളിൽ മുൻകാലങ്ങളിലും വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023ൽ പൂച്ചക്കുളം വനത്തിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ കേസിൽ നിരവധി പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. വനത്തിനുള്ളിൽവച്ച് മ്ലാവിനെ കഷണങ്ങളാക്കി ചാക്കുകളിലാക്കി കടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ രാത്രികാലങ്ങളിൽ വീണ്ടും വെടിയൊച്ച കേൾക്കുന്നതായുള്ള വിവരം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നത്. വെടിയൊച്ച കേട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വനത്തിനുള്ളിൽ അനധികൃതമായി തോക്കുകളുമായി പ്രവേശിക്കുന്നവരുണ്ടോയെന്നും വന്യമൃഗങ്ങളെ ലക്ഷ്യമിട്ട് വേട്ട നടക്കുന്നുണ്ടോയെന്നും കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനമേഖലയിൽ നിരീക്ഷണം ശക്തമാക്കി സംഭവത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala



