ന്യൂഡൽഹി: വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് ഹിസ്റ്ററിയില്ലെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട കുറഞ്ഞ ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം. വിദ്യാലക്ഷ്മി പദ്ധതിക്ക് കീഴിൽ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ എം.പി. നൽകിയ കത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് കുറഞ്ഞ സ്കോറിന്റെ പേരിൽ വായ്പാ അപേക്ഷ നിരസിക്കണമെന്ന് ബാങ്കുകൾക്കോ ക്രെഡിറ്റ് സ്ഥാപനങ്ങൾക്കോ ആർ.ബി.ഐ. നിർദേശം നൽകിയിട്ടില്ല. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബോർഡ് അംഗീകരിച്ച വായ്പാ നയത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകളിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിദ്യാർഥിയുടെ വായ്പാ അപേക്ഷ നിരസിക്കുന്ന സാഹചര്യമുണ്ടായാൽ പി.എം. വിദ്യാലക്ഷ്മി പദ്ധതിയുടെ ഭരണപരമായ മേൽനോട്ടം വഹിക്കുന്ന വിദ്യാഭ്യാസ വകുപ്പ് വിഷയം പരിശോധിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.




