തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായിക കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരുങ്ങുന്നു.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ടെൻഡർ നടപടികളും ചട്ടങ്ങളും പാലിക്കാതെ സ്വകാര്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി)യും അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) തമ്മിൽ ഉണ്ടാക്കിയ കരാറിൽ യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ മലപ്പുറത്ത് എസ്ഐടി മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട നടപടികൾ, ധനകാര്യ വകുപ്പിനെ അറിയിക്കാതെ സ്വീകരിച്ച തീരുമാനങ്ങൾ, മന്ത്രിയുടെ വിദേശയാത്രകൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സൗകര്യമൊരുക്കിയെന്ന അന്വേഷണ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതികളാക്കാനുള്ള നടപടികളിലേക്ക് എസ്ഐടി നീങ്ങുന്നത്. കേസിൽ തുടർനടപടികൾ അന്വേഷണ സംഘം ഉടൻ സ്വീകരിച്ചേക്കും.




