പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ. വ്യക്തിപരമായ അസൗകര്യങ്ങളും കാരണങ്ങളും ചൂണ്ടിക്കാട്ടി സുരേഷ് ബാബു സ്വയം സ്ഥാനമൊഴിയുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിന് പകരം മുൻ എം.എൽ.എ വി. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
അതേസമയം, ജില്ലയിൽ നിലനിന്നിരുന്ന വിഭാഗീയത, വിമതപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിലെ നേതൃത്വത്തിന്റെ വീഴ്ചകളും ഒരു വനിതാ നേതാവ് ഉന്നയിച്ച പെരുമാറ്റദൂഷ്യ പരാതിയും നേതൃത്വമാറ്റത്തിന് കാരണമായതായി വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പുതിയ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിന്റെ പ്രവർത്തനശൈലിയെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു. താൻപോരിമയും പക്വതയില്ലായ്മയും പാർട്ടിക്ക് തിരിച്ചടിയായെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നതായാണ് വിവരം. എന്നാൽ സ്ഥാനമാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള മറ്റ് വ്യാഖ്യാനങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് ചെന്താമരാക്ഷന്റെ നിലപാട്.




