ദില്ലി :യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, ഹൈക്കോടതി ഉത്തരവിലെ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരാതിക്കാരിയുടെ ഹർജി പരിഗണിച്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകൾ നീക്കം ചെയ്യണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചു. തനിക്കെതിരായ ഈ പരാമർശങ്ങൾ കേസിന്റെ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. പരാതിക്കാരിയുടെ ഹർജിയിൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുണ്ടായിരുന്നെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്നാൽ, വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് കോടതി ഹർജി തീർപ്പാക്കി. ഇതോടെ കേസിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഈ ഉത്തരവ് പരാതിക്കാരിക്ക് വലിയ ആശ്വാസമാകും.




