ഏറ്റുമാനൂർ: പൂവത്തുംമൂട് അരയിരത്ത് പടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ അർധരാത്രിയിൽ വൻ ആക്രമണം. ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ 15 അംഗ സംഘം 30 ഓളം തൊഴിലാളികളെ മർദിച്ച് പണവും മൊബൈൽ ഫോണുകളും രേഖകളും കവർന്നതായി പരാതി.
കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. എട്ടോളം പേർ ക്യാമ്പിനുള്ളിൽ കയറി ആക്രമണം നടത്തിയപ്പോൾ ഏഴുപേർ വാഹനങ്ങളിലടക്കം പുറത്ത് കാവൽ നിന്നു.
ഒരു ലക്ഷം രൂപയും 15 മൊബൈൽ ഫോണുകളും എടിഎം കാർഡുകളും രേഖകളും നഷ്ടപ്പെട്ടതായാണ് പരാതി. ശനിയാഴ്ച തൊഴിലാളികൾക്ക് കൂലി ലഭിക്കുമെന്ന വിവരം അറിഞ്ഞാണ് സംഘം എത്തിയതെന്നാണ് സൂചന.
പുലർച്ചെ തന്നെ ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.




