കൊല്ലം: ലഹരിമരുന്നിനെതിരെ പൊലീസ് ശക്തമായി നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി, വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസും ചേർന്ന് പിടികൂടി.
കാവനാട് കെ.ആർ.എൻ നഗർ ഗ്രീഷ്മം വീട്ടിൽ മാഹിൻ (27), ശക്തികുളങ്ങര കന്നിമേൽച്ചേരി മുട്ടറ വടക്കതിൽ അഭിമന്യു (23), കന്നിമേൽച്ചേരി പൂവൻപുഴ തറയിൽ വീട്ടിൽ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കാവനാട് കെ.ആർ.എൻ നഗറിലെ വാടകവീട്ടിൽ വ്യാഴാഴ്ച വൈകിട്ട് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളിൽനിന്ന് 3.040 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും ചെറിയ തോതിൽ വിൽപ്പന നടത്തി അനധികൃതമായി പണം സമ്പാദിക്കാനുമാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരിൽ ഒന്നാം പ്രതി മാഹിനും മൂന്നാം പ്രതി രാജേഷും നരഹത്യാശ്രമം, തട്ടിപ്പ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ മുൻപ് പ്രതികളായിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
എസ്.ഐ. മാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസ് സബ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ബിന്ദു ഉൾപ്പെടെയുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.




