കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻ അറസ്റ്റിൽ. കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചതെന്നാണ് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകൾക്കും ഭക്ഷണം എത്തിക്കാതെ കാറ്ററിംഗ് സംഘം മുങ്ങിയതോടെ വീട്ടുകാർ പ്രതിസന്ധിയിലായി.
ഓൺലൈൻ വഴിയാണ് ഇരുകുടുംബങ്ങളും ഉദയം കാറ്ററിംഗ് സർവീസിനെക്കുറിച്ച് അറിഞ്ഞത്. കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. എന്നാൽ വിവാഹച്ചടങ്ങുകൾ ആരംഭിച്ചിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം കുടുംബങ്ങൾ അറിയുന്നത്. തുടർന്ന് അടിയന്തരമായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് ഭക്ഷണം നൽകിയത്.
വിഷ്ണുവിനെതിരെ കോട്ടയത്തും എറണാകുളത്തുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പെരുമ്പാവൂർ സ്വദേശികളിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ കാറ്ററിംഗ് ബുക്ക് ചെയ്യുന്നതിനായി വാങ്ങി വഞ്ചിച്ചെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. മുണ്ടക്കയം ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസും കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസുമാണ് അന്വേഷണം നടത്തുന്നത്. കുന്നത്തുനാട് പൊലീസിലും വിഷ്ണുവിനെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു.




