By: എസ്. പ്രിയങ്ക സ്പെഷ്യൽ കറസ്പോൺഡന്റ്
കൊല്ലം : ശുചിത്വ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്നും വീടും പരിസരവും മാത്രമല്ല നാടും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും വനിത-ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന കാര്യത്തിൽ എല്ലാവരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. പേര് പോലും കേൾക്കാത്ത പുതിയ രോഗങ്ങളും വൈറസുകളുമാണ് ഓരോ ദിവസവും കടന്നുവന്നുകൊണ്ടിരിക്കുന്നത്. നാടും നഗരവും വൃത്തിയോടെ സൂക്ഷിച്ചാൽ മാത്രമേ പുതിയ രോഗങ്ങളുടെ കടന്നുവരവ് നിയന്ത്രിക്കാനാവൂ. ഇക്കാര്യത്തിൽ നാടിനോട് പ്രതിബദ്ധതയോടെയുള്ള സമീപനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യം പ്രധാനമാണെന്നും
ശുചീകരണ പ്രവർത്തികൾക്ക് അവർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭ പദ്ധതി വെക്കണമെന്നും മേയറോട് മന്ത്രി പറഞ്ഞു.

‘സ്വച്ഛത ഹി സേവ 2026 കൈയോട് കൈ കൈകോർക്കാം’ മാലിന്യരഹിത പുതുയുഗ കേരളത്തിനായി ലോഗോ പ്രകാശനവും ‘സ്വച്ഛത ഹി സേവ 2026 കൊല്ലം ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ വിഷ്ണു മോഹൻ എംഎൽഎ അധ്യക്ഷനായി. മേയർ എ കെ ഹഫീസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടർ ആനി ജൂല തോമസ്, ഡെ. മേയർ ഡോ. ഉദയ സുകുമാരൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ വിൻസി ബൈജു, കൗൺസിലർ എസ് ധന്യ, എൻ സി ഇ എസ് എസ് ശാസ്ത്രജ്ഞൻ രമേശ് മാടിപ്പള്ളി, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ എസ് സുബോധ് എന്നിവർ പങ്കെടുത്തു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ ആറ് മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ ബീച്ചിലെ കാര്‍ പാര്‍ക്കിങ് ഏരിയ മുതല്‍ ടെട്രാപോഡ് വരെ 10 മേഖലകളാക്കി തിരിച്ച് ശുചീകരിച്ചു. ഹരിതകര്‍മ സേനാംഗങ്ങള്‍, കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍, എന്‍ എസ് എസ്, എസ് എ എഫ്, എഫ് സി ഡി പി സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ യജ്ഞത്തില്‍ പങ്കാളികളായി. ഓരോ സോണിലും നാല്‍പതിലേറെ പേര്‍ വീതമുള്ള സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശുചീകരണത്തെ തുടർന്ന് ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് നഗരസഭയുടെ കൂരിപ്പുഴയിലുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റിയ്ക്ക് കൈമാറി.
കൊല്ലം ശ്രീനാരായണ കോളേജ് ഫോർ വിമൻ ,ബേബി ജോൺ മെമ്മോറിയൽ കോളേജ്, പെരുമൺ എൻജിനീയറിങ് കോളേജ്, കൊല്ലം എസ് എൻ കോളേജ്, ടികെഎം കോളേജ് ഓഫ് എൻജിനീയറിങ്, എഫ് എം എൻ സി കോളേജ്, ടി കെ ഇൻസ്ട്യൂട്ട് ഓഫ് ടെക്നോളജി, യു കെ എഫ് കോളേജ് ഓഫ് എൻജിനീയറിങ്, യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ്, ബസേലിയസ് മാത്യൂസ് കോളേജ്, കോളേജ് ഓഫ് എൻജിനീയറിങ് കരുനാഗപ്പള്ളി, പത്തനാപുരം, ഓയൂർ ട്രാവൻകൂർ എൻജിനീയറിംഗ് കോളേജ്, കൊട്ടാരക്കര കോളേജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.




