തൃശൂർ: 42 വർഷമായി പൊലീസ് തിരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം 40 വർഷം മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ പാലക്കാട് സ്വദേശിനിയെ അവിടെവച്ച് വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തെ തുടർന്ന് ചികിത്സയിലാണെന്നും നാട്ടിലെ കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സഹോദരൻ പറഞ്ഞു. ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽനിന്ന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. ജോൺ മേനോൻ ദുരൂഹ ഇടപാടുകളിൽ ഏർപ്പെട്ടിരുന്നയാളാണെന്ന വിവരവും പൊലീസിന് ലഭിച്ചു. രണ്ട് വർഷം മുമ്പ് നിർമ്മാണസാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ജോണിന്റെ പങ്കാളിയായ പാകിസ്ഥാൻ സ്വദേശിക്കെതിരെ കേസെടുത്തതായും വിവരമുണ്ട്.
മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമെന്നാണ് ജോൺ ചിലരോട് പരിചയപ്പെടുത്തിയിരുന്നതെന്നാണ് വിവരം. സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് ജോൺ മേനോനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.




