ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്ത് 89 ശതമാനത്തിലധികം ഉപഭോക്താക്കൾ ഇതിനകം നടപടിക്രമം പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ല. എന്നാൽ എൽപിജി സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സിലിണ്ടർ ഡെലിവറി സമയത്തോ ഗ്യാസ് വിതരണക്കാരുടെ ഷോറൂമിലോ ബന്ധപ്പെട്ട ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ ഓതന്റിക്കേഷൻ പൂർത്തിയാക്കാം.
ഇതിനായി ഉപഭോക്താക്കൾക്ക് നേരത്തെ നാല് തവണ സമയപരിധി നീട്ടി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY ആപ്പുകൾ വഴിയും ഇ-കെവൈസി പൂർത്തിയാക്കാം.
ഓതന്റിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ
ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ നടത്താൻ കഴിയാത്തവർക്കും അതിന് താൽപര്യമില്ലാത്തവർക്കും എൽപിജി ലഭ്യമാകും. എന്നാൽ ഇക്കാര്യം വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് തുടങ്ങിയ ഒഎംസി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യണം.
ഇത്തരം ഉപഭോക്താക്കൾക്ക് ലഭ്യതയ്ക്ക് വിധേയമായി 5 കിലോഗ്രാം, 10 കിലോഗ്രാം ശേഷിയുള്ള എൽപിജി സിലിണ്ടറുകൾ സബ്സിഡിയില്ലാതെ വിപണി വിലയ്ക്ക് വാങ്ങാനാകും.
വ്യാജ കണക്ഷനുകൾ കണ്ടെത്താൻ നടപടി
അർഹരായ ഉപഭോക്താക്കൾക്ക് തന്നെ എൽപിജി സബ്സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഓതന്റിക്കേഷൻ നടപടിയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വ്യാജവും അർഹതയില്ലാത്തതുമായ കണക്ഷനുകൾ കണ്ടെത്തുന്നതിനും ഗാർഹിക ഉപയോഗത്തിനുള്ള സബ്സിഡി സിലിണ്ടറുകളുടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ദുരുപയോഗം തടയുന്നതിനും നടപടി സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
യഥാർഥ ഉപഭോക്താക്കൾക്ക് എൽപിജി നിഷേധിക്കുക എന്നത് നടപടിയുടെ ലക്ഷ്യമല്ലെന്നും ഓതന്റിക്കേഷൻ പൂർത്തിയാക്കുന്നതിന് വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
എൽപിജി സേവനങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് 1800 2333 555 എന്ന ടോൾഫ്രീ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടാം.




