തിരുവനന്തപുരം :പി.വി. അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ വിളിക്കേസിൽ മുൻ എസ്പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ശബ്ദരേഖ വ്യാജമാണെന്ന സുജിത് ദാസിന്റെ വാദം ശരിവെച്ചുകൊണ്ടാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ പി.വി. അൻവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാത്തതും സംഭാഷണം റെക്കോർഡ് ചെയ്ത ഫോൺ കൈമാറാൻ തയ്യാറാകാത്തതും തെളിവുകളുടെ അഭാവം മൂലമുള്ള ഈ കുറ്റവിമുക്തനാക്കലിലേക്ക് വഴിതെളിച്ചു.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിലായിരുന്ന ഐജി ലക്ഷ്മണിനെതിരെയുള്ള നടപടികൾ കേവലം ശാസനയിൽ ഒതുക്കി സർക്കാർ അന്വേഷണം അവസാനിപ്പിച്ചു. ഇതോടെ ഐജി ലക്ഷ്മണിന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. സുജിത് ദാസിന് ക്ലീൻ ചിറ്റും ലക്ഷ്മണിന് സ്ഥാനക്കയറ്റവും നൽകുന്ന ആഭ്യന്തര വകുപ്പിന്റെ ഈ നിർണ്ണായക നീക്കങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇതിനോടകം തുടക്കമിട്ടു കഴിഞ്ഞു.




