ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ ടൈഗർ റിസർവിൽ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം ഡ്രോൺ ക്യാമറ പറത്തി ദൃശ്യങ്ങൾ പകർത്തിയതായി റിപ്പോർട്ട്. തേക്കടി കനാലിൽനിന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിലേക്ക് കാർഷിക ആവശ്യത്തിനായി വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് സംഘം തേക്കടിയിലെത്തിയത്.
കമ്പം എം.എൽ.എ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ. പ്രവർത്തകരാണ് ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. സംഭവത്തിൽ നടപടിക്ക് വനംവകുപ്പ് ഒരുങ്ങുകയാണ്.




