തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ വാഗ്ദാനത്തിന് ആധികാരിക രേഖകളുടെ പിൻബലമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അർജന്റീന ടീം കേരളത്തിൽ മത്സരിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിർബന്ധിത നടപടികളും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയും ആവശ്യമാണ്. എന്നാൽ ഇത്തരം അനുമതികളോ ഫിഫ അംഗീകാരമോ ലഭിക്കുന്നതിന് മുമ്പുതന്നെ ടീമിനെ എത്തിക്കുമെന്ന തരത്തിൽ നടപടികളുമായി സർക്കാർ സംവിധാനവും സ്പോൺസർ കമ്പനിയും മുന്നോട്ടുപോയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അന്താരാഷ്ട്ര കരാറുകളുടെ ലംഘനവും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തെരഞ്ഞെടുത്തതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലുകളും റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ മുൻ മന്ത്രി നേരിട്ട് കത്തിടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടത്തണമെന്നും ക്രമക്കേടുകളിൽ പങ്കുള്ളവർക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മുൻ മന്ത്രിയുടെ യാത്രകളും ഇ-മെയിൽ ഇടപാടുകളും പരിശോധിക്കണമെന്നും അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.




