By : ഷിബു കൂട്ടുംവാതുക്കൾ,സബ്ബ് എഡിറ്റർ
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷം ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തങ്കത്തിരുവാഭരണം ചാർത്തി അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ ദർശനത്തിനായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുഷ്പാലങ്കാരം, ഉദയാസ്തമന ഭാഗവതപാരായണം, പാൽപ്പായസ പൊങ്കാല, സമ്പൂർണ നാരായണീയ പാരായണം, സോപാനസംഗീതം, പഞ്ചാമൃത വിതരണം, പ്രഭാത ഊട്ട്, പിറന്നാൾസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
വൈകിട്ട് നടന്ന വിവിധ കലാപരിപാടികളിൽ ഓട്ടൻതുള്ളൽ, നൃത്തരൂപത്തിലുള്ള ഉറിയടി, അരവണപ്പായസ വിതരണം, മെഗാ തിരുവാതിര, പിന്നൽ തിരുവാതിര, നൃത്തനൃത്യങ്ങൾ, കഥകളി എന്നിവ അരങ്ങേറി.
ക്ഷേത്ര വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം ത്രയംബക കലാക്ഷേത്രയിലെ ഗുരു അർച്ചന അമലിന്റെ ശിക്ഷണത്തിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. 14 കുരുന്നുകളും 78 വനിതകളും ഉൾപ്പെടെ 92 പേർ ഏഴ് സംഘങ്ങളിലായി അണിനിരന്നാണ് തിരുവാതിര അവതരിപ്പിച്ചത്. ശ്രീകൃഷ്ണഭക്തിയുടെ മാധുര്യത്തിൽ ചുവടുകൾ കോർത്തിണക്കിയ അവതരണം ഭക്തിയുടെയും ഐക്യത്തിന്റെയും കലാസൗന്ദര്യത്തിന്റെയും സംഗമമായി.
മെഗാ തിരുവാതിര കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയ സുകുമാരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. സുരേഷ് കുമാർ സന്നിഹിതനായിരുന്നു.
രാത്രി 12ന് ശ്രീകൃഷ്ണ ജനനസമയ പൂജകൾ നടന്നു. ജനനസമയ പൂജകൾ ദർശിക്കാനും തൊഴാനും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രം പൂർണമായും ആഘോഷലഹരിയിലായിരുന്നു.




