By : ഷിബു കൂട്ടുംവാതുക്കൾ സബ്ബ്എ ഡിറ്റർ
കോട്ടയം: വിക്ടർ ജോർജ് പുരസ്കാരവും വീഡിയോ ജേണലിസ്റ്റ് പുരസ്കാരവും സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായി.
മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ക്യാമറ അസിസ്റ്റന്റ് സിബു ഭുവനേന്ദ്രന് സ്പീക്കർ വിക്ടർ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മീഡിയ വൺ ചാനലിലെ സാദിഖ് പാറയ്ക്കലിനാണ് വീഡിയോ ജേണലിസ്റ്റ് പുരസ്കാരം. മന്ത്രി മോൻസ് ജോസഫ് പുരസ്കാരം സമ്മാനിച്ചു. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മനോരമ ന്യൂസിലെ സന്തോഷ് പിള്ളയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
വിക്ടർ ജോർജിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് പുറത്തിറക്കിയ ‘ഓർമ്മപ്പെയ്ത്തിന്റെ 25 വർഷങ്ങൾ’ എന്ന സ്മരണിക സ്പീക്കറും മന്ത്രിയും ചേർന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരിക്ക് നൽകി പ്രകാശനം ചെയ്തു.
പ്രസ് ക്ലബ് ട്രഷറർ സരിത കൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് അനീഷ് കുര്യൻ നന്ദിയും പറഞ്ഞു.




