By: ഷിബു കൂട്ടുംവാതുക്കൾ സബ്ബ് എഡിറ്റർ
കരുനാഗപ്പള്ളി: ആത്മഹത്യാശ്രമം സംബന്ധിച്ച സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുലശേഖരപുരം സുനാമി കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ രുദ്രസേനന്റെ മകൻ ശിവമുത്തു (55) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ ആറിന് ഉച്ചയോടെ സുനാമി കോളനിയിലെ വീട്ടിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ. ഇബ്രാഹിംകുട്ടിയും സി.പി.ഒ. മോഹൻലാലും സ്ഥലത്തെത്തി. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ സമീപത്തെ വീട്ടിൽ താമസിക്കുന്ന ശിവമുത്തു കമ്പിവടി ഉപയോഗിച്ച് മോഹൻലാലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മോഹൻലാലിന്റെ ഇടതുകൈയ്ക്ക് പൊട്ടലേറ്റു.
112 വഴി സന്ദേശം ലഭിക്കുന്നതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സുനാമി കോളനിയിലെത്തുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ കരുനാഗപ്പള്ളി പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി എ.സി.പി. വിനോദ്കുമാറിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ. ആഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




