കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ മെമു സർവീസുകൾ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യം നടപ്പാക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു.
ഗേജ് മാറ്റവും വൈദ്യുതീകരണവും പൂർത്തിയായിട്ടും പകൽസമയത്ത് യാത്രക്കാർക്ക് സൗകര്യപ്രദമായ ട്രെയിനുകളില്ലാത്തത് പരിഹരിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ദക്ഷിണ റെയിൽവേ നടപടികൾ ത്വരിതപ്പെടുത്തിയത്. പുതിയ മെമു റേക്കുകൾ കൊല്ലത്തിന് അനുവദിക്കുന്നതോടെ കൊല്ലം–ചെങ്കോട്ട പാതയിൽ സർവീസ് ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും.
നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നുള്ള ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുമായി കണക്ഷൻ ലഭിക്കുന്നവിധം കൊല്ലം–തിരുനെൽവേലി ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിനും മുൻഗണന നൽകിയിട്ടുണ്ട്. കൂടുതൽ മെമു റേക്കുകൾ അനുവദിക്കണമെന്ന് ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടതായും എം.പി. അറിയിച്ചു.




